ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ കുന്നുമ്മല്‍ ബ്ളോക്കില്‍ വരുന്ന  ഗ്രാമപഞ്ചായത്താണ് കാവിലുമ്പാറ ഗ്രാമപഞ്ചായത്ത്. 84.81 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് നരിപ്പറ്റ, തൊണ്ടര്‍നാട് (വയനാട് ജില്ല) പഞ്ചായത്തുകള്‍, കിഴക്ക് വയനാട് ജില്ലയിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, പപടിഞ്ഞാറത്തറ പഞ്ചായത്തുകള്‍, പടിഞ്ഞാറ് കായക്കാടി, മരുതോങ്കര പഞ്ചായത്തുകള്‍, തെക്ക് മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകള്‍ എന്നിവയാണ്. കാവിലുമ്പാറ പഞ്ചായത്ത് 1977-ല്‍ വിഭജിച്ചാണ് ഇന്നത്തെ കാവിലുമ്പാറ, മരുതോങ്കര പഞ്ചായത്തുകള്‍ രൂപീകരിച്ചിട്ടുള്ളത്. ലോകപ്രശസ്തമായ കാവിലുമ്പാറതങ്ങ ഉത്പാദിപ്പിക്കുന്നതിവിടെയാണ്. പ്രതിവര്‍ഷം  മൂന്നരക്കോടിയോളം തേങ്ങ ഇവിടെ ഉല്‍പാദിപ്പിക്കുന്നു. 

കോഴിക്കോട് ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍ വയനാട് ജില്ലയോട് ചേര്‍ന്ന് 72 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കുന്നുകളും, താഴ്വരകളും, സംരക്ഷിതവനഭൂമിയും ഉള്‍പ്പെടുന്ന ഒരു പഞ്ചായത്താണ് കാവിലുമ്പാറ. പുനം കൃഷിക്കാര്‍ കാവലിരുന്ന ഒരു പാറയുമായി ബന്ധപ്പെടുത്തിയാണ് കാവിലുമ്പാറയുടെ സ്ഥലനാമത്തിന്റെ ഉത്പത്തിയെന്നും അതല്ലാ ഏതോ ഒരു കാവില്‍ ഉണ്ടായിരുന്ന പാറയുമായി ബന്ധപ്പെടുത്തിയാണെന്നും പഴമക്കാര്‍ക്കിടയില്‍ രണ്ടുപക്ഷമുണ്ട്. ടിപ്പുവിന്റെ പടയോട്ടങ്ങള്‍ക്കും വീരപഴശ്ശിയുടെ രോമാഞ്ച ജനകങ്ങളായ ചെറുത്തുനില്‍പ്പുകള്‍ക്കും ഇവിടുത്തെ മലയോരങ്ങള്‍ സാക്ഷി നിന്നിട്ടുണ്ട്. നിലവിലുള്ള പല സ്ഥലനാമങ്ങളും പഴശ്ശിയുടെ സമരകഥകളുമായി ബന്ധപ്പെട്ടവയാണ്. പട്ടാളത്താല്‍ പഴശ്ശി വളയപ്പെട്ട വളയങ്കോടും, പട്ടിണി കിടന്ന പട്ടിണിക്കുന്നും, കിടന്ന് ഉറങ്ങിയ കട്ടിപ്പാറയും, അങ്കം പരിശീലിച്ച അങ്കത്തട്ടും ഉദാഹരിക്കാവുന്ന സ്ഥലനാമങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് 1500 മുതല്‍ 3500 വരെ അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുന്നുകളും അതിനോട് ചേര്‍ന്ന ചെറിയ ചെരിവുകളും താഴ്‌വാരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് കാവിലുമ്പാറ പഞ്ചായത്ത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് പഞ്ചായത്തിലെ പ്രധാന വിള നാളികേരമായിരുന്നു. 1927-ല്‍ പിയേഴ്സ് ലസ്ളി കമ്പനിക്കാര്‍ കുണ്ടുതോട് ഭാഗത്ത് റബ്ബര്‍ എസ്റ്റേറ്റ് സ്ഥാപിച്ചതോടുകൂടിയാണ് കാവിലുമ്പാറയില്‍ റബ്ബര്‍ കൃഷിക്ക് തുടക്കം കുറിക്കുന്നത്. കാവിലുമ്പാറയുടെ കാര്‍ഷിക മേഖല പുരോഗതിയുടെ പടവുകള്‍ കയറുന്നത് തിരുവിതാംകൂറില്‍ നിന്നിങ്ങോട്ടുള്ള കുടിയേറ്റത്തോടെയാണ്. ചരിത്ര സ്മരണകളുറങ്ങുന്ന വിശാലമായ ഒരു ഗ്രാമപഞ്ചായത്താണ് കാവിലുമ്പാറ. ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ പോരാടിയ പഴശ്ശിരാജയുടെയും ടിപ്പു സുല്‍ത്താന്റെയും ധീരമായ ചെറുത്തു നില്‍പ്പിന് സാക്ഷ്യം വഹിച്ചിട്ടുള്ള ഈ പ്രദേശത്തിന് ചരിത്രത്തിലെക്കാലവും ഗണനീയമായ സ്ഥാനം ലഭിച്ചു. മലയോരഗ്രാമമായ ഈ പ്രദേശം എന്നും സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്തി വരുന്നുണ്ട്.

1977ൽ കാവുലുംപാറ പഞ്ചായത്ത് വിഭജിച്ചാണ് ഇന്നത്തെ കാവിലുംപാറ മരുതോങ്കര പഞ്ചായത്തുകൾ രൂപീകരിച്ചത്.

           പുനം കൃഷിക്കാർ കാവലിരുന്ന ഒരു പാറയുമായി ബന്ധപ്പെട്ടുത്തിയാണ് കാവിലുംപാറയുടെ സ്ഥലനാമത്തിന്റെ ഉൽപ്പത്തിയെന്നും ഒരു കാവിൽ ഉണ്ടായിരുന്ന പാറയുമായി ബന്ധപ്പെടുത്തിയാണെന്നും പഴമക്കാടക്കിടയിൽ രണ്ടു പക്ഷമുണ്ട്. രണ്ടിനും ഉപോദ്ബലങ്ങളായ തെളിവുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

          ടിപ്പുവിൻ്റെ പടയോട്ടങ്ങൾക്കും വീര പഴശ്ശിയുടെ രോമാഞ്ചജനകങ്ങളായ ചെറുത്തു നിൽപ്പുകൾക്കും ഇവിടുത്തെ മലയോരങ്ങൾ സാക്ഷി നിന്നിട്ടുണ്ട് നിലവിലുള്ള പല സ്ഥല നാമങ്ങളും പഴശ്ശിയുടെ സമര കഥകളുമായി ബന്ധപ്പെട്ടവയാണ്. പട്ടാളത്താൽ പഴശ്ശി വളയപ്പെട്ട - വളയങ്കോടും, പട്ടിണി കിടന്ന പട്ടിണിക്കുന്നും കിടന്നുറങ്ങിയ കട്ടിപ്പാറയും, അങ്കം പരിശീലിച്ച അങ്കത്തട്ടും, ഉദാഹരിക്കാവുന്ന സ്ഥലനാമങ്ങളാണ്. ഈ റിപ്പോർട്ടിന്റെ സാമൂഹിക സാംസ്ക്കാരിക ചരിത്രം എന്ന അധ്യായത്തിൽ വിശദമായ വസ്തു‌തകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

കാവിലുംപാറ കുടിയേറ്റ ചരിത്രം

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായിരുന്ന സാമ്പത്തിക മാന്ദ്യവും, ദാരിദ്ര്യവും തെങ്ങുകൾക്ക് വന്ന കാറ്റുവീഴ്‌ചയും, സർ സി.പി അനുവർത്തിച്ചു വന്ന ചില കർഷക ദ്രോഹ നയങ്ങളും, മദ്ധ്യ തിരുവിതാംകൂറിലുള്ള കർഷകരെ കന്നിമണ്ണും തേടി കേരളത്തിൻ്റെ ഇതര ഭാഗങ്ങളിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചു. മലപ്പുറത്തു നിന്നും മറ്റും നാളീകേര കച്ചവടത്തിനായി കോട്ടയം പ്രദേശങ്ങളിൽ എത്തിയ ആളുകൾ കാവിലുംപാറ തേങ്ങ ലോക പ്രസിദ്ധമാണെന്ന അറിവ് അവർക്ക് നൽകി. ഇതൊക്കെ അവരെ കാനന ദേശം തേടിയുള്ള യാത്രയിൽ കാവിലുംപാറ, മരുതോങ്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് ആകർഷിച്ചു. നാട്ടിലുള്ളതെല്ലാം വിറ്റു പെറുക്കി 1926 മുതൽ അവർ മലബാറിലേക്കെത്തി. പലരും ആക്കലിടം, മുക്കത്ത് തുടങ്ങിയ ജന്മിമാരിൽ നിന്നും ഭൂമി ചാർത്തി വാങ്ങി. കാടു വെട്ടിത്തളിച്ച് വനഭൂമികൾ വിളഭൂമികളാക്കി.

 

ഇതിനു പിന്നിൽ ത്യാഗോജ്വലമായ ഒട്ടേറെ കഥകളുണ്ട്. പ്രകൃതി ക്ഷോഭങ്ങളും മലമ്പനി, വസൂരി തുടങ്ങിയ പകർച്ച വ്യാധികളും ചില കുടിയേറ്റ കുടുംബങ്ങളെ തന്നെ നാമാവശേഷമാക്കി. കൂടപ്പിറപ്പുകൾ പിടഞ്ഞു മരിക്കുന്നത് നോക്കി നിൽക്കാനേ ആ ജനസാമാന്യത്തിന് കഴിഞ്ഞുള്ളൂ. ഇതിനും പുറമെയായിരുന്നു ആന, കാട്ടുപോത്ത്, കടുവ, പന്നി എന്നീ കാട്ടുമൃഗങ്ങളുടെ ആക്രമണം. പക്ഷെ അവർ ചെറുത്തു നിൽക്കുകയും അതി ജീവിക്കുകയും ചെയ്തു. ഈ കാനന ഭൂമിയിൽ അവർ കനകം വിളയിച്ചു. ഇവിടെ കാണുന്ന സ്ഥാവരവും ജംഗമവുമായ ആസ്ഥികളത്രയും ആ തലമുറയുടെ അദ്ധ്വാന ഫലമാണ്. നമുക്കവരെ നന്ദിപൂർവ്വം അനുസ്മരിക്കാം. ഇതേ കാലത്തു തന്നെ തദ്ദേശീയർ പുനം കൃഷിയും മറ്റുമായി കുടിയേറ്റക്കാർക്ക് ഒപ്പം ഉണ്ടായിരുന്നു. അവർ വിത്തും നടീൽ വസ്‌തുക്കളും നൽകിയും താമസ സൗകര്യങ്ങൾ ചെയ്‌തു കൊടുത്തും കൈ മെയ് ‌മറന്നു സഹായിച്ചു.